Friday, 23 March 2018


ആതിരയുടെ ദുരഭിമാനകൊലപാതകം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങള്‍


മലയാളി സമൂഹം ഒരു ആസന്നമായ കാലഘട്ടത്തിലേയ്ക്കു പതിക്കുന്നതിന്റെ ദുസ്സൂച്ചനകളാണ് ഇന്നലെ ആതിരയുടെ മരണത്തിനു കാരണമായ ദുരഭിമാന കൊലപാതകം.
നവോദ്ധാന നായകന്മാരായ അയ്യങ്കാളിയും ശ്രീനാരായണഗുരുവും വാക്ഭടാനന്ദനും സഹോദരന്‍ അയ്യപ്പനുമൊക്കെ കേരളത്തിലെ അനാചാരങ്ങളെയും ജാതി ഉച്ചനീച്ചത്വത്തെയും തകര്‍ത്തുടച്ച് നായര്‍-നമ്പൂതിരി ജാതികള്‍ ഉള്‍പ്പെട്ട സവര്‍ണ്ണരുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ച് തീയന്‍ (ഈഴവന്‍), പുലയന്‍, പറയന്‍, പുള്ളുവന്‍ എന്നിങ്ങനെ സമൂഹത്തിലെ താഴ്ജാതിക്കാര്‍ക്ക് സാമൂഹ്യസമത്വം നകിയ നാടാണ് ഇത്. ഈ മാറ്റങ്ങള്‍ക്ക് ശേഷം സമത്വഭാവത്തോടെ, ജാതിതചിന്തകള്‍ വെടിഞ്ഞ് ഒരു സമൂഹമായി ഒരു മനസ്സോടെ ജീവിച്ചു വന്നവരാണ് നമ്മള്‍ മലയാളികള്‍. സന്ദര്‍ശകരായി വന്നു കേറിയ അന്യമതപ്രചാരകരെയും അവരുടെ വിശ്വാസങ്ങളെയും ഉള്‍ക്കൊണ്ട് അവരുടെ വിശ്വാസത്തിലേക്ക് മാറിയ ന്യൂനപക്ഷങ്ങളും കേരളത്തിലുണ്ട്. അവരും മലയാളിയുടെ സംസ്കാരത്തിന്‍റെ അന്തസ്സ് ഉള്‍ക്കൊണ്ട് തന്നെയാണ് ഇവിടെ ജീവിക്കുന്നത് (ഒറ്റപ്പെട്ട് ചില അനാശ്യാസമായ അനുഭവങ്ങള്‍ ഉണ്ടാകുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല!).
എന്‍റെ ജാതി, എന്‍റെ മതം, എന്‍റെ ദൈവം, എന്‍റെ വിശ്വാസം എന്ന തിരിച്ചറിവിലേക്ക് മലയാളിയെ എത്തിച്ചത് 1992 ഡിസംബറിലെ ബാബറി മസ്ജിദ് തകര്‍ക്കലും അതിനെത്തുടര്‍ന്ന് കേരളത്തില്‍ സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടന്ന രാമജന്മഭൂമി നിര്‍മ്മാണത്തിനായുള്ള കരസേവയ്ക്ക് ഹിന്ദുക്കള്‍ക്കിടയില്‍ നടന്ന സംഘടിത പ്രവര്‍ത്തനവുമാണ്. എന്‍റെ അയല്‍ക്കാരനും സുഹൃത്തും സഹപ്രവര്‍ത്തകനും സഹപാഠിയും ഏതു ജാതിക്കാരനാണെന്ന് ഇന്നലെ വരെ ആലോചിക്കാതിരുന്ന കേരളത്തിലെ ഹിന്ദുക്കള്‍ അവരുടെ ജാതി തിരിച്ചറിയാനും അന്യമതസ്ഥനെ അകറ്റി നിര്‍ത്താനും വെറുക്കാനും പഠിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങളായി നിരന്തരം ആസൂത്രിതമായി സംഘ പരിവാറും അതിനു ശേഷം ഉടലെടുത്ത അവരുടെ രാഷ്ട്രീയപാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയും മലയാളിയെ ഹിന്ദുവും അഹിന്ദുവുമാക്കി മാറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ഫലങ്ങള്‍ വളരെ ചെറിയ അളവിലാണെങ്കിലും വിജയം കാണുകയാണെന്ന് സമ്മതിക്കേണ്ടി വരും.
ഹിന്ദുവിനെ അവന്‍റെ മതവും വിശ്വാസവും തിരിച്ചറിഞ്ഞ് ഹിന്ദുത്വത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് രാമരാജ്യം എന്ന സ്വപ്നം വാഗ്ദാനം ചെയ്യുന്ന ആറെസ്സെസ്സും ഭാജപായും രഹസ്യമായി അരക്കിട്ടുറപ്പിക്കുന്നത് മനുസ്മൃതിയുടെ ചാതുര്‍വര്‍ണ്യം ആണെന്ന സത്യം കേരളത്തിലെ “ഹിന്ദുക്കള്‍” തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. വടക്കേ ഇന്ത്യന്‍ ഗോസായിമാരുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്ന, അടുത്ത കാലത്ത് കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുന്ന ഹിന്ദുമതത്തിലെ സവര്‍ണ്ണനും അവര്‍ണ്ണനും തമ്മിലുള്ള വേര്‍തിരിവും ഇതിനോടൊപ്പം കേരളത്തിലും ശക്തി ആര്‍ജ്ജിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം!
കേരളത്തില്‍ ഇന്നും ബിഡിജേഎസ് എന്ന ഘടക കക്ഷിയ്ക്ക് ഒന്നും കൊടുക്കാതെ, ആദിവാസി സംഘടന നേതാവായ സി.കെ. ജാനുവിനെ വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ച് കൂടെ നിറുത്തി പറ്റിക്കുന്ന ഭാജപായുടെ കേന്ദ്ര-കേരള നേതൃത്വം അവരുടെ സവര്‍ണ്ണാധിപത്യം തന്നെയാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ ഭാജപാ നേതൃത്വത്തിലെ വ്യക്തികളുടെ പേരും ജാതിയും ഒന്ന് വിശകലനം ചെയ്‌താല്‍ അവിടെയും ഈ സവര്‍ണ്ണമേധാവിത്വം വ്യക്തമാകും. (കുമ്മനം രാജശേഖരന്‍ എന്ന നേതാവിന്‍റെ നിറത്തെക്കുറിച്ച് പോലും പരാതിപ്പെടുന്ന സഹ-നായന്മാരെ എനിക്കറിയാം! ഒരു തൊലിവെളുപ്പുള്ള നായരെ നേതാവാക്കാമായിരുന്നു എന്നു പറയുന്നവരില്‍ എന്‍റെ ബന്ധുക്കളും പെടും!)
നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂള്‍ കാലഘട്ടത്തില്‍ എന്‍റെ സഹപാഠികളില്‍ ജോര്‍ജ്ജ്, ഇസ്മയില്‍ എന്നിവരുടെ ജാതി അവരുടെ പേരുകളില്‍ നിന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും ജോഷിയുടെയും സനലിന്റെയും  പേരിന്‍റെ വാലായി മേനോനോ മാത്യുവോ മുഹമ്മദോ ഉണ്ടെന്ന് ഞങ്ങളാരും അന്നും ഇന്നും ചോദിക്കുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല കഥ- തനിക്കു ചുറ്റുമുള്ള വ്യക്തികളുടെ പേരിന്‍റെ വാല്‍ എന്താണെന്ന് അറിയാന്‍ എല്ലാ ഹിന്ദുക്കളും ഇന്ന് നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കുകയും അതിലൂടെ അന്യമതസ്ഥരെ അകറ്റി നിര്‍ത്താനും ശ്രമിക്കുന്നു- ഇതിന്‍റെ പ്രത്യാഘാതമായി ഇത് തന്നെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും തുടരുന്നു.
  ഈഴവനില്‍ തുടങ്ങി താഴോട്ടുള്ള എല്ലാ ജാതികളും കേരളത്തില്‍ അവര്‍ണ്ണരായി മുദ്ര കുത്തപ്പെട്ട് എല്ലാ ജാതി ഉച്ചനീച്ചത്വത്തിനും ഇരകളായിരുന്ന കാലഘട്ടത്തില്‍ നിന്നും അവരെ സമൂഹത്തില്‍ തുല്യ സ്ഥാനമുള്ളവരാക്കി മാറ്റിയ ശ്രീ നാരായണഗുരുവിനെപ്പോലെയുള്ള നവോദ്ധാന ആചാര്യന്മാരും നേതാക്കളും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ദുഖിക്കുമായിരുന്നു- അവര്‍ നയിച്ച പ്രസ്ഥാനങ്ങള്‍ എവിടെ ചെന്ന് നില്‍ക്കുന്നു എന്നും അവരുടെ അനുയായികള്‍ എങ്ങിനെ ചിന്തിക്കുന്നുവെന്നും കാണുമ്പോള്‍!
ഈ പശ്ചാത്തലത്തിലാണ് ഞാന്‍ അരീക്കോട് ഇന്നലെ ആതിര എന്ന പെണ്‍കുട്ടിയെ വിവാഹത്തലേന്ന് സ്വന്തം അച്ഛന്‍ കുത്തിക്കൊന്നതിനെ വിലയിരുത്തുന്നത്.
തീയ്യ (ഈഴവ) ജാതിയില്‍ പെട്ടവരാണ് ആതിരയുടെ കുടുംബം. ആതിരയുമായി പ്രേമത്തിലായിരുന്ന യുവാവ് ദളിതനും (ഉപജാതി അറിയില്ല!). ലാബ് ടെക്നീഷ്യന്‍ ആയ ആതിരയും പട്ടാളത്തില്‍ സേവനം ചെയ്യുന്ന കാമുകനും തമ്മില്‍ ഒരു വിവാഹം നടക്കുന്നത് സാമൂഹികമായോ ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരമായോ തെറ്റല്ല- ഹാദിയയുടെ വിവാഹത്തെക്കുറിച്ച് സുപ്രീംകോടതി ഏറ്റവുമടുത്ത കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് ഇത്തരുണത്തില്‍ നാം ഓര്‍ക്കണം. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ മാതാപിതാക്കളുടെ അനുവാദം ആവശ്യമില്ല എന്ന് ആ വിധി വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ആതിരയുടെ പിതാവായ രാജന് താന്‍ ജനിച്ച, ജീവിക്കുന്ന മതത്തിലെ തീയ്യന്‍ എന്ന ഉപജാതി മകളുടെ കാമുകന്‍റെ ദളിതജാതിയെക്കാളും മുകളിലാണെന്നു തോന്നാന്‍ എന്താണ് കാരണം? ഒരിക്കല്‍ അധഃകൃതരുടെ കൂട്ടത്തില്‍ കരുതപ്പെട്ടിരുന്നവരാണ് തീയ്യര്‍ എന്ന ചരിത്രസത്യത്തെ ഇതിനോട് കൂട്ടിവായിക്കുമ്പോഴാണ്‌ കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയിലെ ജാതിവ്യവസ്ഥ എത്രത്തോളം ഭാജപായുടെയും ആറെസ്സെസ്സിന്‍റെയും മസ്തിഷ്കപ്രക്ഷാളനത്തിനു വശംവദമായി ചിന്തിക്കാന്‍ മലയാളിക്ക് പ്രേരകമായി എന്ന് നാം ഞെട്ടലോടെ തിരിച്ചറിയുന്നത്‌.
സ്വന്തം മകളെ നിഷ്ക്കരുണം ജാതിയുടെ പേരില്‍ കുത്തിക്കൊന്ന രാജനേക്കാള്‍ ആ പിതാവിനെ അതിനു പ്രേരിപ്പിച്ച സാമൂഹ്യ-ജാതീയ സാഹചര്യങ്ങളെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്. വിഗ്രഹാരാധനയെ വെല്ലുവിളിച്ച് കണ്ണാടി പ്രതിഷ്ഠിച്ച് ഓരോ വ്യക്തിക്കുമുള്ളിലാണ് അവന്‍റെ ദൈവം എന്നു വ്യക്തമാക്കിയ ശ്രീനാരായണഗുരു തുടക്കമിട്ടത് ഈഴവര്‍ മുതല്‍ താഴോട്ടുള്ള അവര്‍ണ്ണരുടെ വിമോചനമായിരുന്നു. എന്നാല്‍ ഇന്ന് ശ്രീനാരായണഗുരു അദ്ദേഹം ജനിച്ച ആ ജാതിയുടെ ദൈവമായി, അദ്ദേഹത്തിന്‍റെ പേരില്‍ തുടക്കം കുറിക്കപ്പെട്ട എസ് എന്‍ ഡി പി എന്ന സംഘടനയുടെ ദൈവമാക്കപ്പെട്ടിരിക്കുന്നു. ഗുരുവിന്‍റെ ആശിര്‍വാദങ്ങളോടെ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി 1903ല്‍ സ്ഥാപിതമായ  എസ്എന്‍ഡിപി ഈഴവരുടെ സ്വകാര്യ മത സംഘടനയായി,  കുറെ മുതലാളിമാരുടെയും കാഷായവസ്ത്രധാരികളായ സ്വാമിമാരുടെയും സ്വകാര്യസ്വത്തായി അധഃപ്പതിച്ചിരിക്കുന്നു. ഒരു കുത്തകമുതലാളിയുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി വര്‍ഷങ്ങളായി ഈ സംഘടനയില്‍ ഇപ്പോള്‍ കുടുംബവാഴ്ച്ചയാണ് ( അദ്ദേഹത്തിനെതിരെ മത്സരിച്ച് അധികാരം പിടിച്ചെടുക്കാന്‍ നിരന്തരം ശ്രമിക്കുന്നതും മറ്റൊരു മുതലാളിയാണെന്നതാണ് വിരോധാഭാസം! )ഇന്ന് ഈഴവന് അവന്‍റെത് മാത്രമായ പൂജകളും മന്ത്രങ്ങളും ചടങ്ങുകളും ഉണ്ട്- എന്‍റെ ബാല്യ-കൌമാര-യൌവ്വന കാലഘട്ടത്തില്‍ ഇവയൊന്നും ഇല്ലായിരുന്നു. (സഹോദരന്‍ അയ്യപ്പന്‍റെ ജന്മഗൃഹത്തില്‍ നിന്നും കഷ്ടിച്ച് മുന്നൂറു മീറ്റര്‍ മാത്രമേ എന്‍റെ വീട്ടിലേക്കുള്ളൂ). ഈഴവന്‍റെ വീട്ടിലെ ഏതു ചടങ്ങുകളും ഇന്ന് നയിക്കുന്നത് ലോക്കല്‍ എസ്എന്‍ഡിപി നിയോഗിക്കുന്ന തന്ത്രിമാരാണ്. ഗുരുസൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മന്ത്രപൂജാവിധികളും ചടങ്ങുകളുമാണ് അവര്‍ നടത്തുന്നത്. വേദനയോടെ പറയട്ടെ- അത്തരം ഒരു അനുഭവം എനിക്കുമുണ്ടായി. എന്‍റെ സഹപാഠിയും അതിനപ്പുറം എന്‍റെ സഹോദരതുല്യനുമായ ഒരു വ്യക്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. തല ചിതറിപ്പോയ ആ ജഡം (പല ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് ആ മുഖം വീണ്ടും രൂപപ്പെടുത്തിയത്!) മരിച്ചതിന്‍റെ രണ്ടാം ദിവസം മുന്നില്‍ കിടത്തി രണ്ടര മണിക്കൂര്‍ നേരം ചടങ്ങുകള്‍ നടത്തി ഈ പൂജാരികളും ഗുരുക്കന്മാരും അപമാനിക്കുന്നതു താങ്ങാനാകാതെ ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി!
വോട്ടുബാങ്കായി ഈ സംഘടനയിലെ അംഗങ്ങളായ ഈഴവരെ ഉപയോഗിച്ച് വിലപേശാന്‍ അതിന്‍റെ തലപ്പത്തിരിക്കുന്ന മുതലാളിയും അദ്ദേഹത്തിന്‍റെ കുടുംബവും ചേര്‍ന്ന് ബിഡിജേഎസ് എന്ന രാഷ്ടീയ സംഘടനയും ഉണ്ടാക്കി. അത് ഈഴവരില്‍ ഞങ്ങള്‍ ഹിന്ദുക്കളില്‍ ഉന്നതരാണെന്ന ഒരു മിഥ്യാധാരണ ഉണ്ടാക്കിയെടുത്തത്തിന്റെ പരിണതഫലമാണ് ആതിരയുടെ മരണം.
ആതിരയുടെ ദുരഭിമാനകൊലപാതകം സാമൂഹ്യമാധ്യമങ്ങളില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊലപാതകിയായ അച്ഛനെ ന്യായീകരിച്ചും ഇതു തന്നെയാണ് ഹാദിയയുടെ പിതാവ് അശോകന്‍ ചെയ്യേണ്ടിയിരുന്നത് എന്നു വരെയും പറയാന്‍ ഹിന്ദു തീവ്രവാദികള്‍ തയ്യാറായി വന്നിരിക്കുന്ന ഒരു ആപല്‍ഘട്ടത്തില്‍ നില്‍ക്കുകയാണ് മലയാളി സമൂഹം!
മതേതര സ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന മലയാളി ഇന്ന് ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും മാത്രമല്ല- അവര്‍ക്കിടയിലെ ഉപജാതികളിലേക്ക് കൂടി വിഭജിക്കപ്പെട്ടു പോകുകയാണ്. മുസ്ലീങ്ങള്‍ സുന്നിയും ശിയായും സലാഫിയുമാകുന്നു. ക്രിസ്ത്യാനി മാര്തോമയും സുറിയാനിയും ലാറ്റിനും ഒക്കെയാകുന്നു. ഹിന്ദുക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു എന്നു വീമ്പിളക്കുന്ന ഭാജപായും ആറെസ്സെസ്സും സത്യത്തില്‍ ഹിന്ദുമതത്തിലെ ഉപജാതികളെ വിഘടിപ്പിച്ച് അവരെ സങ്കുചിതമായ ചിന്തകളിലേക്കും അതില്‍ നിന്നുല്‍ഭവിക്കുന്ന അപകടകരമായ പ്രതികരണങ്ങളിലേക്കും തള്ളിയിടുകയാണ്. ഇത് തിരിച്ചറിയേണ്ടത് ഓരോ ഹിന്ദുവുമാണ്. നിര്‍ഭാഗ്യവശാല്‍, ഞാന്‍ ഹിന്ദു ആണെന്ന് വിശ്വസിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ അത്തരത്തില്‍ ചിന്തിക്കാന്‍ ഭാജപായും ആറെസ്സെസ്സും അനുവദിക്കില്ല.
കേരളത്തിന്‍റെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം ജാതീയമായ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അപ്പുറം മാനുഷികതയുടെ, സഹവര്‍ത്തിത്വത്തിന്റെ വിളനിലമായി മാറ്റാന്‍ ഓരോ വ്യക്തിയും തന്‍റെ ജാതിയുടെയും മതത്തിന്‍റെയും അവയെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളുടെയും ചട്ടക്കൂടില്‍ നിന്ന് പുറത്തുവന്ന് പച്ചമനുഷ്യനായി മാറണം. അതിന് മതേതരശക്തികളും സംഘടനകളും ജാഗരൂകരായി പ്രവര്‍ത്തിക്കണം.
അത് നടക്കാത്തേടത്തോളം കാലം ഇവിടെ ഇനിയും രാജന്മാരും അവരുടെ ഇരകളായി ആതിരമാരും ഉണ്ടാകും!
വാല്‍ക്കഷണം- ഈ ബ്ലോഗ്‌ വായിക്കുന്ന ചില “ഹിന്ദു” സുഹൃത്തുക്കള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ്- ഞാന്‍ എന്തുകൊണ്ട് മറ്റു മതങ്ങളിലെ സമാനമായ വൈരുദ്ധ്യങ്ങളെ വിമര്‍ശിക്കുന്നില്ല എന്ന്.
ജനനം കൊണ്ടുമാത്രം യാദൃശ്ചികമായി ഹിന്ദുവായ എന്നെ ഹിന്ദു വിരുദ്ധനായി മുദ്രകുത്താനും അവര്‍ മടിക്കില്ല എന്ന് എനിക്കറിയാം . അതിന്‍റെ പേരില്‍  “Yoo too Brutus”എന്നും  എന്നെ നോക്കി അവര്‍ വിളിക്കുമെന്നുറപ്പ്.
ഇപ്പോള്‍ സംഭവിച്ചതിനു സമാനമായി മറ്റു മതങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേരളത്തിലോ ഭാരതത്തിലോ സംഭവിച്ചാല്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ!) ഞാന്‍ അന്നും പ്രതികരിക്കുമെന്ന് ഉറപ്പ്!


No comments:

Post a Comment